വെള്ളിയാഴ്ച ഭൗതീകവും ആർഭാടവും ആയിരുന്നെങ്കിൽ ശനിയാഴ്ച ആത്മീയവും ഭക്തിപരവും ആയിരുന്നു ഞങ്ങളുടെ യാത്ര (തുടക്കത്തിൽ). കാരണം ഇന്ന് ഞങ്ങൾ പോയത് നാഗദൈവങ്ങളെ കാണാനായിരുന്നു. പ്രശസ്തമായ മണ്ണാറശ്ശാലയിലേക്ക്.
അതിരാവിലെ എഴുന്നേറ്റ് ഒരു 6 മണിക്കിറങ്ങിയാൽ തിരക്കില്ലാതെ പോകാമെന്നും അവിടുത്തെ അമ്മയെ കാണാമെന്നും ഞങ്ങളുടെ അമ്മ പറഞ്ഞെങ്കിലും മടി കാരണവും പിന്നെ തലേന്നത്തെ ക്ഷീണം കൊണ്ടും ഞങ്ങൾ നല്ല ഉദാസീനരായി. അവസാനം എത്രയും നേരത്തെ തന്നെ ഇറങ്ങാൻ നോക്കാമെന്നും പറഞ്ഞ് ഉറങ്ങി, രാവിലെ എണീറ്റ് റെഡി ആയി ഞങ്ങൾ ഇറങ്ങുമ്പോഴേക്കും 8 30 ആയി. വിടെത്തുമ്പോ 11 45. അമ്മയുടെ ദർശന സമയം ഒക്കെ കഴിഞ്ഞു പോയിരുന്നു. എന്നാലും നട അടച്ചിരുന്നില്ല. അതുകൊണ്ട് കയറി തൊഴാൻ കഴിഞ്ഞു.
കേരളത്തിന്റെ സൗന്ദര്യവും കാലാവസ്ഥയും നിലനിൽക്കുന്നത് കാവുകളിലൂടെയാണ്. മരങ്ങളുടെ കൂട്ടം എന്നാണ് കാവുകൾ എന്ന പദത്തിനർത്ഥം. വിശുദ്ധ വനങ്ങൾ എന്നും ഇവ അറിയപ്പെടുന്നു. പ്രകൃതിയെയും വൃക്ഷങ്ങളെയും പണ്ട് മുതലേ ആരാധിക്കുന്ന പതിവുണ്ട് നമുക്ക്, അതു കൊണ്ടു തന്നെ കാവുകളേയും പുണ്യസ്ഥലമായി കരുതുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു.
സ്വാഭാവിക വനമാണ് കാവുകൾ. അവ വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ താമസ സ്ഥലങ്ങളാണ്. ദേവതാ സങ്കല്പമാണ് കാവുകളിൽ. നാഗദൈവങ്ങളെയും പൂജിക്കുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുള്ള ഈ മണ്ണാറശാല നാഗരാജാക്ഷേത്രം കേരളത്തിലെ വലിയ കാവുക്ഷേത്രങ്ങളിൽ ഒന്നാണ്.
ശിവന്റെ കണ്ഠാഭരണമായ നാഗരാജാവ് വാസുകിയും, നാഗമാതാവ് സർപ്പയക്ഷിയുമാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. നാഗയക്ഷിയും, നാഗചാമുണ്ടിയുമാണ് മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തിന്റെ അടുത്തു തന്നെയുള്ള ഇല്ലത്തിന്റെ നിലവറയിൽ ആദിശേഷൻ അനന്തൻ കുടികൊള്ളുന്നു. ശേഷ നാഗത്തിനെയും ഇവിടെ ആരാധിക്കുന്നു. അപ്പൂപ്പൻ എന്നാണ് ശേഷനാഗത്തിനെ വിളിക്കുന്നത്. ഗണപതി, ദുർഗ, ഭദ്രകാളി, പരമശിവൻ, ധർമശാസ്താവ് ഇവരാണ് ഉപദേവതകൾ. പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തലമുതിർന്ന അമ്മയാണ്, സർപ്പങ്ങളുടെ അമ്മയായി ഇവരെ ആരാധിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ, കുട്ടികളില്ലാത്തവർക്കു കുട്ടികളുണ്ടാവാൻ വേണ്ടി ചെയ്യുന്ന പൂജയാണിത്.
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളൊക്കെ തന്നെയാകും, എന്നാലും ആദ്യമായി കണ്ടതു കൊണ്ടുള്ള ജിജ്ഞാസ കൊണ്ടും കാര്യങ്ങളൊക്കെ അറിഞ്ഞതിലുള്ള അത്ഭുതം കൊണ്ടും എഴുതിയതാണ്.
കാവിനുള്ളിലേക്കു കയറിയാൽ വേറൊരു ലോകത്തെത്തിയത് പോലെ തോന്നും. ചൂടത്ത് നടന്നു വന്നു എസി റൂമിൽ കയറില്ലേ, അതുപോലൊരു അനുഭവം. പ്രധാന ദേവതകളെ ക്ഷേത്രത്തിൽ കയറിയാൽ തന്നെ കാണാൻ പറ്റും. അവിടെ തൊഴുതു കഴിഞ്ഞു കാവിന്റെ ഉള്ളിലേക്ക് കയറുന്നത് മുതൽ നമ്മൾ കാണാൻ പോകുന്നത് വശങ്ങളിലെ അരമതിലിൽ നിരത്തി വെച്ചിരിക്കുന്ന നാഗശില്പങ്ങളാണ്. കാവ് മുഴുവൻ അത്തരം ശില്പങ്ങളാണ്. അന്വേഷിച്ചപ്പോ അറിഞ്ഞു കേരളത്തിൽ ഏറ്റവും കൂടുതൽ നാഗശില്പങ്ങൾ ഉള്ള കാവാണ് ഇത്. ഏകദേശം 30,000ഓളം വരും എണ്ണം. പഴയ അമ്മയുടെയും പുതിയ അമ്മയുടെയും ചിത്രങ്ങൾ അവിടെ ഉണ്ടായിരുന്നു. ഐശ്വര്യമുള്ള മുഖങ്ങൾ.
എന്റെ മോൻ അനിയത്തിയുടെ കൈയ്യും പിടിച്ചു സുഖമായിട്ടങ്ങനെ നടന്നു, വൈകിയതിന്റെ ഒരു ഗുണമേ, അധികം ആൾക്കാരുണ്ടായിരുന്നില്ല. പ്രകൃതി നേരിട്ടനുഗ്രഹിച്ച ഇത്രയും ഭംഗിയുള്ളൊരു കാവിനുള്ളിൽ കൂടിയുള്ള നടത്തം എനിക്ക് നവ്യാനുഭവമായിരുന്നു. ഒരു ആമക്കുളം ഉണ്ടായിരുന്നു അവിടെ, കുറെയധികം ആമകളും.
അവിടെ തന്നെ അന്നദാനം ഉണ്ടായിരുന്നത് കൊണ്ടു ഇന്നലത്തെ പോലെ വിശപ്പിന്റെ വിളി കേൾക്കേണ്ടി വന്നില്ല. അത് കഴിഞ്ഞ് സമീപത്തെ എല്ലാ കടകളിലും ഞങ്ങൾ അരിച്ചു പെറുക്കി ഇനി വഴിപാട് കൗണ്ടർ മാത്രേ ബാക്കിയുണ്ടാർന്നുള്ളൂ (അത് അമ്മയുടെ സെക്ഷൻ ആണ്, കാവിൽ കയറുന്നതിനു മുന്നേ തന്നെ അമ്മ അവിടെയുണ്ടായിരുന്ന എന്തൊക്കെയോ പ്രധാന വഴിപാടുകൾ എല്ലാം മുറിച്ചു ശീട്ട് വാങ്ങിയിരുന്നു).
അവസാനം സമയം 3 മണിയോടടുത്തു , പോകാറായില്ലേ എന്നു അവിടുത്തെ നാട്ടുകാരെ കൊണ്ട് ചോദിപ്പിക്കേണ്ടെന്നു കരുതി കുറച്ച് ഫോട്ടോ എടുക്കലൊക്കെ കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങി.
ഭക്തി സാന്ദ്രമായ ആ അന്തരീക്ഷത്തിൽ നിന്നും പുറത്തു കടന്ന ഞങ്ങളുടെ മനസ്സിൽ പിന്നീട് മുളപൊട്ടിയ ആഗ്രഹം ഒരു സിനിമ കാണാം എന്നതായിരുന്നു. അതും കൊച്ചിയുടെ തലയെടുപ്പിൽ ഒന്നായ ലുലു മാളിൽ നിന്നു തന്നെ. ഇതാണ് ആത്മീയ യാത്ര ‘തുടക്കത്തിൽ’ എന്നു ഞാൻ മുകളിൽ പറഞ്ഞത് 😉.
അങ്ങനെ മാളിലെ തിയറ്ററിലെ സിനിമ ലിസ്റ്റിലേക്ക് കാറിനുള്ളിൽ നല്ല ഉറക്കത്തിലായിരുന്ന എന്റെ കെട്ടിയോനെ മൂക്കും കുത്തി വീഴ്ത്തി. എല്ലാ സീറ്റും ഫുൾ ആയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. എന്നാലും ഒരു ചെറിയ പ്രതീക്ഷ വെച്ച് ലാലേട്ടന്റെ കട്ടഫാൻ ആയ അമ്മക്ക് ‘ഡ്രാമ’ കാണാൻ ആഗ്രഹം. ഭാഗ്യത്തിന് അതിനു ടിക്കറ്റ് കിട്ടി. 5 മണിയാകുമ്പോഴേക്കും ഞങ്ങൾ ലുലു മാളിന്റെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു.
എന്നാൽ ഇത്തവണയും മഴ ചതിച്ചാശാനെ. പുറത്തിറങ്ങി ഒരു ചായയൊക്കെ കുടിച്ച് ഉഷാറായിട്ട് പോയി സിനിമ കാണാമെന്നും വിചാരിച്ച് റോഡിനു എതിർവശത്തുള്ള ഒരു ഹോട്ടലിൽ കയറി. നിങ്ങൾ വിചാരിക്കും മാളിൽ കയറി വല്ല പെപ്സിയോ കൊക്കൊകോളയോ കുടിച്ചാൽ പോരെ എന്ന്. പക്ഷെ നടക്കില്ല, കുത്തക കമ്പനികൾക്ക് പണം സമ്പാദിച്ചു കൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല, എന്നുറക്കെ പ്രഖ്യാപിച്ചും കൊണ്ട് അടുത്തുള്ള ഹോട്ടലിലേക്ക് ഞങ്ങൾ കയറി.
എന്റെ ഭർത്താവും ചേട്ടനും നല്ല സമോവർ ചായക്ക് ഓർഡർ ചെയ്തു .അപ്പൊൾ എനിക്ക് ചായ കുടിക്കാൻ മനസ്സില്ലാത്തത് കൊണ്ട് ഞാനും ചേച്ചിയും ഓറഞ്ച് ജ്യൂസിന് പറഞ്ഞു. അമ്മയ്ക്ക് ലെമൺ ടീ എന്റെ മോനും ലെമൺ ടീ, വ്യത്യസ്തങ്ങളായ ഓർഡറുകൾ. ഈ സമയം വരുണാനുഗ്രഹം മഴയായ് പൂത്തു, തളിർത്തു, കായ്ച്ചു. ഒരൊന്നൊന്നര മഴ, അടുത്ത കാലത്തൊന്നും നിർത്തുമെന്നു തോന്നാത്ത വിധത്തിൽ ഇടിയും മിന്നലും അകമ്പടിയായി തോരാതെ പെയ്യാൻ തുടങ്ങി. മഴ തോരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ അവിടെ ഇരുന്നു. ഒരു റൗണ്ട് ചായ കുടിയും കടിയും കഴിഞ്ഞിട്ടും മഴയ്ക്കൊരു ഭാവമാറ്റവും ഉണ്ടായില്ല.
അവിടെ അലമാരയിൽ പലഹാരങ്ങൾ എന്നെ മാടി വിളിച്ചു, പേരറിയാത്ത എന്തൊക്കെയോ ഉണ്ടായിരുന്നത് കൊണ്ട് കൈ ചൂണ്ടി ഞാൻ ഓരോന്നിനും ഓർഡർ കൊടുത്തുകൊണ്ടേയിരുന്നു. ഈ മഴ ഇപ്പോഴൊന്നും അവസാനിക്കല്ലേ എന്ന് ആ കടക്കാരൻ മനസ്സാ പ്രാർത്ഥിച്ചു. ഇനി എന്നെ കണ്ടിട്ട് ആർത്തി മൂത്ത ഇനമാണെന്നു കണ്ടറിഞ്ഞു പ്രാർത്ഥിച്ച് പെയ്യിച്ചതാണോ ആ മഴയെ എന്നും എനിക്ക് സംശയം ഇല്ലാതില്ല. ഞാൻ മാത്രമല്ല അമ്മ ഒഴികെ എല്ലാരും കഴിച്ചു. എന്നാൽ ഞാൻ ഇത്തിരി കൂടുതൽ കഴിച്ചു. അത്രേ ഞാൻ ചെയ്തുള്ളൂ .എന്നിട്ടും ബാക്കിയുണ്ടായിരുന്നു പേരറിയാത്ത രുചിയറിയാത്ത കുറെയെണ്ണം കൂടി.
അലമാരയിൽ പലഹാരത്തിന് വേറെ ഓർഡർ കൊടുക്കണോ വേണ്ടയോ എന്നു കടക്കാരനും ഞാനും കൂലങ്കഷമായ ആലോചനയിൽ മുഴുകിയിരിക്കുമ്പോഴാണ് എന്റെ കെട്ടിയോൻ അതിവിദഗ്ധമായി ബില്ല് എടുക്കാൻ പറഞ്ഞത്.
മഴ കുറഞ്ഞപ്പോൾ കടക്കാരന്റെ കയ്യിൽ നിന്നും ഒരു കുട വാങ്ങി ഞങ്ങൾ എല്ലാരും രണ്ടാളു വീതം അക്കരെ ഇക്കരെ കടന്നു (ഒരു കുട കയിലുണ്ടായിരുന്നു). കുട തരുമ്പോഴുള്ള അയാളുടെ മുഖം കാണേണ്ടതായിരുന്നു , ‘പോകുവാണല്ലേ എന്നെയും എന്റെ അലമാരയെയും തനിച്ചാക്കി 😢 , പോകുവാണല്ലേ’. ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ ആ പാവത്തിന്റെ സങ്കടം.
പാർക്കിങ് ഏരിയയിൽ നിന്നും മാളിലേക്ക് കയറുന്നതിനിടയിൽ ഒരു തുറസ്സായ സ്ഥലമായിരുന്നു. മഴ പെയ്യുന്നുമുണ്ടായിരുന്നു. പക്ഷെ വളരെ ലളിതവും ഉപകാരപ്രദവുമായ നല്ലൊരു കാര്യം അവർ അവിടെ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. മാളിലേക്ക് കയറുന്നവർക്കും ഇറങ്ങുന്നവർക്കും അവിടെ വലിയ കുടകൾ ഉപയോഗിക്കാൻ പാകത്തിന് രണ്ടു ഭാഗത്തും നിരത്തി വെച്ചിട്ടുണ്ടായിരുന്നു. ചെറിയ ഒരു വലിയ കാര്യം തന്നെയാണ് അത്. സെക്യൂരിറ്റി ജീവനക്കാരും ഈ കുടകൾ തരാൻ നിൽക്കുന്നുണ്ടായിരുന്നു. അവരോടു നന്ദി പറഞ്ഞ് ഞങ്ങൾ ഉള്ളിലേക്ക് കയറി.
മാളിൽ സാമാന്യം നല്ല തിരക്കായിരുന്നു. കറങ്ങിത്തിരിഞ്ഞു തിയറ്ററിൽ എത്തുമ്പോഴേക്കും സിനിമ തുടങ്ങിയിരുന്നു. അടുത്തിരുന്ന ആളോട് കുറെ നേരമായോന്ന് ചോദിച്ചപ്പോ, ‘ഏയ് തുടങ്ങിയിട്ട് 5 മിനിറ്റേ ആയുള്ളൂ എന്നു പറഞ്ഞു’, നിങ്ങളുടെ 5 മിനിറ്റ് നിങ്ങൾക്ക് ലാഭമായെന്നു സിനിമയുടെ അവസാനവും അയാൾ നമ്മളോട് പറയാതെ പറഞ്ഞിരിക്കണം.
തീയറ്ററിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന ഞങ്ങളെ എതിരേറ്റത് അതി ഭീകരമായ ഒരു കാഴ്ചയായിരുന്നു. മാളിന്റെ ‘നല്ലവരായ’ ഉടമകൾ ചെയ്തു വെച്ച അതിമനോഹരമായ ഉപകാരം, ഈശ്വര ഭഗവാനേ അവർക്ക് നല്ലതു മാത്രം വരുത്തണെ. ആ വാതിൽ തുറന്നു ചെല്ലുന്നിടത്താണ് കുട്ടികളുടെ പ്ലേ ഏരിയ. പിന്നെ പറയണോ, കാർഡ് വാങ്ങിപ്പിച്ചു ഉരച്ചു ഉരച്ചു എന്റെ മോനും അനിയത്തിക്കുട്ടിയും പറ്റാവുന്നിടത്തൊക്കെ കയറി ഇറങ്ങി. അവരെ അതിനു അനുവദിച്ചില്ലായിരുന്നുവെങ്കിൽ ജീവനോടെ ഞങ്ങൾക്ക് മാളിന് പുറത്തു കടക്കാൻ പറ്റില്ലായിരുന്നു.
അവസാനം അവിടുന്നും ഇറങ്ങിപ്പോകാൻ പറയുമെന്ന അവസ്ഥ ആയപ്പോൾ പിള്ളേരുടെ കാലു പിടിച്ചു അവിടത്തെ ജീവനക്കാർ ഓരോ മെഷീനുകൾ ലോക്ക് ചെയ്യുന്നതും കാണിച്ചു കൊടുത്ത് എങ്ങനെയോ പുറത്തിറക്കി ഞങ്ങളുടെ ഏരിയയിലേക്ക് കൂട്ടിക്കൊണ്ടു വന്നു, വേറൊന്നുമല്ല ഭക്ഷണം തന്നെ. അവിടുന്നു കഴിച്ച ഫുഡിന്റെ പൈസക്കു പുറത്ത് നിന്നും സാമാന്യം നല്ല രീതിയിൽ വയറു നിറയെ കഴിക്കാമായിരുന്നു, എന്നാലും എല്ലാം അറിഞ്ഞും വെച്ചു കൊണ്ട് അവിടുന്നു തന്നെ കഴിക്കും, അതാണ്.
അവസാനം ലുലുവിന്റെ ഹൃദയത്തിൽ നിന്നും ഞങ്ങൾ പുറത്തിറങ്ങി. വീട്ടിലേക്കു പോകും വഴിയുള്ള ചർച്ചകളിൽ വിശക്കുന്നെങ്കിൽ ഓട്സ് കുടിക്കാമെന്ന തീരുമാനത്തിൽ ഞങ്ങളെത്തി. പിന്നെ കുറച്ച് ഫ്രൂട്ട്‌സും ഉണ്ടായിരുന്നു. എന്നാൽ വീടെത്തുമ്പോഴേക്കും എല്ലാരും ഉറങ്ങാനുള്ള മൂടിലായിക്കഴിഞ്ഞിരുന്നു.
നല്ലൊരു വീക്കെൻഡ് സമ്മാനിച്ച മെട്രോയും, ബോട്ടുയാത്രയും, ഫോർട്ട് കൊച്ചിയും, മണ്ണാറശ്ശാലയും, അവിടുത്തെ കുളവും കാവും നാഗദൈവങ്ങളും പിന്നെ ന്യൂജൻ ലുലു മാളും എല്ലാം ചേർന്നൊരു തൃശൂർ പൂരം കഴിഞ്ഞ മട്ട്.
അങ്ങനെ അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിൽ നിന്നും സ്നേഹദാരങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിനു ശേഷം പിറ്റേന്ന്, ഇന്ത്യയുടെ സിലിക്കൻ വാലിയിലേക്കു എയർ ഏഷ്യയുടെ ചിറകിൽ വീണ്ടും ഒരു പറക്കലിനൊരുങ്ങി ഞങ്ങൾ ഉറക്കത്തിലേക്കു വീണു.
അവസാനിച്ചു…
Sponsored Ads
Reshma Vachali (Twitter: @reshvach )