അറബിക്കടലിന്റെ റാണിയെ കാണാൻ-1

അറബിക്കടലിന്റെ റാണിയെ കാണാൻ വീണ്ടുമൊരു യാത്ര. അന്ന് റോഡ്മാർഗമായിരുന്നെങ്കിൽ ഇപ്രാവശ്യം ആകാശമാർഗ്ഗമാവട്ടെയെന്ന്‌ തീരുമാനിച്ചു. അങ്ങനെ കേരളത്തിന്റെ ആ വാണിജ്യ തലസ്ഥാനം ലക്ഷ്യം വെച്ച് കെമ്പെഗൗഡ എയർപോർട്ടിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ഞങ്ങൾ പറന്നിറങ്ങി. കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നു പറയുന്ന പഴമൊഴി ഇപ്പോഴും ഒരു സത്യമൊഴിയായി നിലനിൽക്കുന്ന ഒരു മനോഹര സാംസ്ക്കാരിക നഗരം കൂടിയാണ് കൊച്ചി. കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് വന്നു ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. ‘കൊച്ച് അഴി’ എന്ന പേരാണ്‌ കൊച്ചി ആയത്.
കേരള സംസ്ഥാനത്തിലെ കൊച്ചി കടൽ തുറമുഖം സ്ഥിതി ചെയ്യുന്ന ജില്ലയാണ് എറണാകുളം.

മധ്യ കേരളത്തിലാണ് എറണാകുളം ജില്ല സ്ഥിതി ചെയ്യുന്നത് , ‘ഋഷിനാഗക്കുളം’ എന്ന മനോഹരവും നാവു വടിച്ചു പറയേണ്ടതുമായ ഒരു പേര് കാലത്തിന്റെ തഴുകലിൽ എറണാകുളം എന്നായി മാറി, നമ്മൾ കണ്ണൂർക്കാർക്ക് കേൾക്കാൻ ബഹുരസമുള്ള ഭാഷയാണ് ഇവരുടേത്, എന്തും ഈസി ആയിട്ട് പറയുന്ന നമ്മൾക്ക് നീട്ടിപിടിച്ച് ഈണത്തിൽ നിഷ്കളങ്കമായി പറയുന്ന ഈ നാട്ടുകാരുടെ സംസാരം ചിരിക്കാൻ വകയുള്ളതാണ്. എന്നാൽ കേൾക്കാൻ ഇഷ്ടമുള്ളതും. (നമ്മളുടേത് തിരിച്ച് അവർക്കും ചിരി വരുത്തും).

കൊല്ലം ജില്ലക്കാരാണ് അച്ചടിഭാഷയുടെ ബ്രാൻഡ് അംബാസഡർമാര് എന്നാണ് എന്റെ ഒരു കൊല്ലം സുഹൃത്ത് പറഞ്ഞിരിക്കുന്നത്, എന്നാൽ എറണാകുളവും ഇച്ചിരി സ്പീഡ് കൂടിയ അച്ചടിഭാഷക്കാർ തന്നെഎന്നാണ് എനിക്ക്‌ തോന്നിയത്.

kochi street
kochi street

ഇങ്ങനെ പല താളത്തിൽ, പദസമ്പത്തിൽ, വ്യത്യസ്തമായ പദപ്രയോഗങ്ങളിൽ മുങ്ങി നിവർന്നു കുളിച്ചു തിമിർക്കുന്ന വേറെ ഏത് ഭാഷയുണ്ട്‌ ഇന്ത്യയിൽ, അത്രയും മനോഹരമാണ് നമ്മുടെ ഭാഷ.

അപ്പൊ പറഞ്ഞു വന്നത് നമ്മുടെ എറണാകുളത്തെപ്പറ്റിയണല്ലോ, കണ്ണൂരുകാർ പൊതുവെ സ്നേഹസമ്പന്നന്മാരാണ്. സ്വന്തം നാടായത് കൊണ്ടു മാത്രമല്ല ഞാനിത് പറയുന്നത്, അന്യജില്ലക്കാർക്കും ഇതേ അഭിപ്രായമാണ് കേട്ടിട്ടുള്ളത് എന്നാൽ എറണാകുളത്തുകാരും സ്നേഹത്തിന്റെ കാര്യത്തിൽ ഞങ്ങളോട് പിശുക്കു കാണിച്ചില്ല. എന്തെന്നാൽ അതിനു തക്ക ഒരു ചെറിയ സംഭവം ഉണ്ടായി.

എയർപോർട്ടിൽ ചെന്നപ്പോ എന്റെ മോന് ദാഹിച്ചു, അതു വഴി എന്തോ അത്യാവശ്യത്തിനു പോകുകയായിരുന്ന ഒരു സ്റ്റാഫ് ചേച്ചിയോട് വെള്ളം ചോദിച്ചു, അങ്ങേ തലക്കൽ ആണ് cooler ഉള്ളത്, വേറെ കുപ്പിവെള്ളം പെട്ടെന്ന് കിട്ടില്ലല്ലോ, പിന്നെ അകത്താണ് ഉള്ളത് എന്താ ചെയ്യുക, എന്റെ പ്രശ്നം അവർ ഏറ്റെടുത്തത് അവരുടെ മുഖത്ത് കാണാമായിരുന്നു, അവസാനം എനിക്ക്‌ പറയേണ്ടി വന്നു, ചേച്ചി വിഷമിക്കേണ്ട നമ്മൾ അങ്ങോട്ടേക്ക് പോയി കുടിച്ചോളാം, മനസ്സില്ലാമനസോടെ ശെരിയെന്നും പറഞ്ഞു ആ ചേച്ചി ഓടിപ്പോയി പാവം അത്ര തിരക്കിലായിരുന്നു എന്നിട്ടും എനിക്ക്‌ വേണ്ടി അവിടെ നിന്നു വിഷമിച്ചു. കാര്യം വളരെ ലളിതമാണ് വെള്ളം ഉള്ള സ്ഥലം പറഞ്ഞു തരാൻ ആരും കാണിക്കുന്ന മനസ്ത്ഥിയെ ആ ചേച്ചിയും കാണിച്ചുള്ളൂ. എന്നാൽ, അവർക്ക് ആ കൂളർ കാട്ടിത്തന്നു പോകാമായിരുന്നു, ഞങ്ങൾക്കു പെട്ടെന്ന് വെള്ളം കിട്ടാനുള്ള സാധ്യതകൾ ഒന്നും താടിക്ക് വിരൽ വെച്ചു ആലോചിക്കേണ്ട ഒരു കാര്യവും അവർക്കില്ലായിരുന്നു.

അവിടെ നിന്നും പെട്ടെന്ന് തന്നെ ഞങ്ങൾക്കൊരു ടാക്സി കാർ കിട്ടി.

ഇപ്രാവശ്യം നമ്മൾ പോയത് ആലുവയിലേക്കായിരുന്നു. ഏട്ടനും ഭാര്യയും താമസിക്കുന്ന സ്ഥലത്തു പോയി ഒരു രണ്ടു മൂന്നു ദിവസം ചെലവഴിക്കാൻ.
ആലുവയിൽ നിന്നും ചെമ്പറക്കി മാറമ്പള്ളി നടക്കാവ് വഴി പോയാൽ ഏകദേശം ഒരു 5കീമീ ഉള്ളിലായിട്ടാണ് ഇവരുടെ വീട്. നഗരത്തിന്റെ വീർപ്പുമുട്ടലിൽ നിന്നും കുറച്ചു മാറിയിട്ടാണ് വീടിരിക്കുന്ന സ്ഥലം. അതുകൊണ്ടു തന്നെ നല്ല ഹരിതാഭമായപ്രദേശമായിരുന്നു. അടുത്തടുത്ത്‌ വീടുകളും ഉണ്ട്, കാറ്റും വെളിച്ചവും ആവശ്യത്തിലധികം കിട്ടും.

ഇവർ താമസിക്കുന്നത് ഒരു രണ്ടു നില വീടിന്റെ മുകൽനിലയിലാണ്, താഴെ ഒരു ഉമ്മച്ചിയും കുടുംബവും, അവരാണ് ഈ വീടിന്റെ ഉടമസ്ഥർ. കേട്ടറിഞ്ഞതിലും കൂടുതലാണ് ഉമ്മച്ചിയെന്ന സത്യം എന്നു ഞാൻ അവിടെ ചെന്നപ്പോൾ തിരിച്ചറിഞ്ഞു. ചേച്ചിയെയും ചേട്ടനെയും മോളേയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഈ ഉമ്മച്ചി കാണുന്നത്. ഞങ്ങൾ അവിടെ ചെന്നപാടെ കാണാനും പരിചയപ്പെടാനും അവർ വന്നു. ആ മുഖത്ത് ചിരി ഇല്ലാതെ ഞാൻ ഈ മൂന്നു ദിവസവും അവരെ കണ്ടിട്ടില്ല, ആ ചിരി അവരെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

സാധാരണ കണ്ണൂർ ഭാഷാവേഗത കാസർഗോഡും കോഴിക്കോടും ഒഴികെ വേറെ ജില്ലക്കാർക്ക് പെട്ടെന്ന് കേട്ട് മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അപ്പൊൾ പിന്നെ പൊതുവെ അല്പം വേഗം കൂടിയ എന്റെ സംസാരം അവർക്കൊന്നും ഒട്ടും മനസ്സിലാവില്ല. അതുകൊണ്ടു അധികമൊന്നും ഞാൻ അവരോടു സംസാരിക്കാൻ നിന്നില്ല, ഉമ്മച്ചി എന്ത് വിചാരിച്ചോ എന്തോ.

വേറെയും കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെ ഉണ്ട് അടുത്തടുത്ത വീടുകളിൽ, എന്നാൽ മൂന്നു ദിവസമേ ഞങ്ങൾ അവിടെ നിന്നുള്ളൂ, അതു തന്നെ പുറത്തൊക്കെ പോയി സ്ഥലങ്ങൾ കാണാനേ തികഞ്ഞുള്ളൂ, അതുകൊണ്ട് വേറെ ആരെയും കാര്യമായി പരിചയപ്പെടാൻ പറ്റിയില്ല. ഇനി ഒരിക്കൽ കൂടി പോയാൽ അവരെയൊക്കെ പരിചയപ്പെടണം. അവരുടെ വീടിന്റെ മുന്നിലൂടെ ചെറിയ റോഡുകൾ പോകുന്നുണ്ട്, ചേച്ചി എപ്പോഴും നടക്കാൻ പോകാറുണ്ടെന്നു പറഞ്ഞിരുന്നു, അവിടമൊക്കെ നടന്നു പ്രകൃതി ഭംഗി കാണാമെന്നു തീരുമാനിച്ചതുമൊന്നും നടന്നില്ല. തനത് ഗ്രാമീണ ഭംഗിയിൽ കുളിച്ചു നിൽക്കുന്ന പ്രദേശമാണതെന്ന് ചേച്ചിയുടെ ഫോട്ടോകളിൽ നിന്നും വ്യക്തമായിരുന്നു.

വ്യാഴാഴ്ചയാണ് ഞങ്ങൾ അവിടെ എത്തുന്നത്, രാത്രിയായിട്ടുണ്ടായിരുന്നു അപ്പോഴേക്കും. അന്ന് നല്ല ക്ഷീണമുണ്ടായിരുന്നിട്ടും കൂടി ഞാനും ഏട്ടന്റെ ഭാര്യയും സംസാരിച്ചിരുന്നിട്ട് ഉറങ്ങാൻ ഏറെ വൈകിയിരുന്നു, ഞങ്ങൾ തമ്മിൽ ഒന്നിച്ചു കിട്ടുന്ന അവസരങ്ങൾ കുറവായിരുന്നു, കിട്ടിയാൽ പിന്നെ നേരം വെളുക്കുവോളം സംസാരിച്ചിരിക്കാൻ റെഡി ആയിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ച, മോളുടെ പിറന്നാളായിരുന്നു, അതുകൊണ്ട് രാവിലെ ഞങ്ങൾ ഒരു കേക്ക് ഒക്കെ മുറിച്ചു അടിപൊളിയായിട്ട് ഒരു ചെറിയ പിറന്നാളാഘോഷമൊക്കെ നടത്തി.

Read Also:   വിസ്റ്റാഡോം കോച്ചിലെ അവിസ്മരണീയ ട്രെയിൻ യാത്ര

ആഘോഷമൊക്കെ കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി ഞങ്ങൾ നേരെ പോയതു ആലുവയിലേക്കാണ്. മെട്രോമാൻ ബാഹുബലി ശ്രീധരൻ സാറിന്റെ കിരീടത്തിലെ പൊൻതൂവൽ കാണാനും യാത്ര ആസ്വദിക്കാനും വേണ്ടി കൊച്ചി മെട്രോയിലാക്കി അന്നത്തെ ചുറ്റൽ പരിപാടി. ശെരിക്കും കേരളത്തിന്റെ അഭിമാനം തന്നെയാണ് കൊച്ചി മെട്രോ. സ്റ്റേഷൻ പരിസരവും ട്രെയിനിന്റെ ഉൾവശവും അത്രയും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ഇത്രയും നല്ലൊരു സൗകര്യം ഉണ്ടായിട്ടും നമ്മൾ മലയാളികൾ എന്ത് കൊണ്ടാണ് അത് കാര്യമായിട്ട് ഉപയോഗിക്കാത്തത് എന്നു എനിക്കെന്തോ ഒരു വിഷമം. ഇതിനു മുൻപ് പോയപ്പോഴും ഞാൻ കയറിയിട്ടുണ്ടായിരുന്നു. അന്ന് രാത്രിയായത് കൊണ്ടായിരിക്കും തിരക്കില്ലാത്തത് എന്നു വിചാരിച്ചു. എന്നാൽ, ഇന്ന് പകൽ സമയത്തും വല്യ തിരക്കൊന്നും ഞാൻ കണ്ടില്ല. ബാംഗ്ലൂരിൽ താമസിക്കുന്ന ഞാൻ കണ്ടിട്ടുണ്ട് ഇവിടെ മെട്രോയിൽ ഉള്ള തിരക്ക്. അതുമായിട്ട് താരതമ്യം ചെയ്യുമ്പോ ജനപങ്കാളിത്തം കുറവ് പോലെ എനിക്ക് തോന്നി. ചിലപ്പോ രണ്ടു പ്രാവശ്യം മാത്രം കയറിയ എന്റെ തോന്നാലാവാം, മാന്യ വായനക്കാർ ക്ഷമിക്കുക.

ആലുവ മുതൽ മഹാരാജാസ് കോളേജ് വരെയാണ് ഇപ്പോൾ സർവീസ്. ഞങ്ങൾ ഒട്ടും കുറച്ചില്ല, ആലുവയിൽ നിന്നും കേറി അവസാന സ്റ്റോപ്പിൽ തന്നെ ഇറങ്ങി. അപ്പോഴാണ് മെട്രോയിലും വേഗത്തിൽ വിശപ്പിന്റെ ആർത്തനാദം ഞങ്ങൾ കേട്ടത്. നേരെ മറൈൻഡ്രൈവിലേക്കു തന്നെ വിട്ടു, ഓട്ടോക്കാരൻ ചേട്ടനോട് നല്ലൊരു ഹോട്ടലിൽ തന്നെ ഞങ്ങളെ തട്ടാൻ പറഞ്ഞു, എന്നിട്ട് വേണമല്ലോ ഞങ്ങൾക്ക് തട്ടാൻ, ഫുഡ് ഫുഡ്ഡയയ്.

ഹാമിൽട്ടനെ വെല്ലുന്ന ഡ്രൈവിംഗ് മികവോടെ പ്രാണവേദനയിൽ നിലവിളിക്കുന്ന ഞങ്ങളുടെ വയറിന്റെ അവസ്ഥയെ വീണവായനയിൽ ഒതുക്കാതെ ആ ചേട്ടൻ പറപറന്നു.

മനീഷ് മല്ഹോത്രയുടെ കത്രികകണക്കെ ബ്രോഡ്‌വേ മാർക്കറ്റിന്റെ തിരക്കിനെ കീറിമുറിച്ചു. ഒടുവിൽ മെയിൻറോഡിന്റെ ഇടത്തേക്ക് വെട്ടിച്ച് രണ്ടുമൂന്നു ഹോട്ടലുകൾ നിരന്നു നിന്നതിന്റെ മുന്നിൽ ഞങ്ങളെയും കൊണ്ട്‌ അദ്ദേഹം ക്രാഷ്ലാൻഡ് ചെയ്തു.

മൂപ്പരോഡ് ടാറ്റ ബൈ ബൈ പറഞ്ഞ് ഇതിൽ ഏതിൽ കയറും എന്ന നിലയിൽ കൻഫ്യൂഷനടിച്ചു പണ്ടാരമടങ്ങി നിൽക്കുമ്പോഴാണ് ഗൂഗിൾ മാപ് സുന്ദരി ഞങ്ങൾക്ക് വഴികാട്ടിയായി ഒരു ചൈനീസ് ഹോട്ടലിലേക്ക് ക്ളീഞ്ഞോ പ്ലീഞ്ഞോ സൗണ്ടുമായി വന്നു വിളിച്ചു കൊണ്ടു പോയത് ജാക്കി ചാനെ മനസ്സിൽ വിചാരിച്ച് ഞങ്ങൾ ആ ഹോട്ടലിന്റെ പടി ചവിട്ടി, ഒരുവൻ ഞങ്ങളെ ഉള്ളിലേക്ക് സ്വീകരിച്ചു.

ആ പരിസരത്ത് പുതിയതായി തുടങ്ങിയ ഒരു ചൈനീസ് റെസ്റ്റോറന്റ് ആണ് അതെന്നു ആ വിളമ്പുകാരൻ പയ്യൻ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടു തന്നെ അവർ കുറച്ച്‌ സാധനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ വിളമ്പുകയാണ്, അവർക്ക് പരീക്ഷിക്കാൻ കുറെ ഗിനിപ്പന്നികളെ കിട്ടിയ സന്തോഷത്തിൽ അവരും, പരീക്ഷണാടിസ്ഥാനത്തിൽ നല്ല ഫുഡ് തന്നെ ഏറ്റവും നന്നാക്കി തരുമെന്ന വിശ്വാസത്തിൽ ഞങ്ങളും ഓർഡർ കൊടുത്തു കാത്തിരിപ്പായി, ബാംഗ്ലൂർലെ ഒരു നല്ല ചൈനീസ് ഹോട്ടലിൽ നിത്യ സന്ദർശകരായ ഞങ്ങൾക്ക് ഐറ്റംസ് ഓർഡർ ചെയ്യാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

ദോഷം പറയരുതല്ലോ നല്ല ഫുഡ് ആയിരുന്നു. വില കുറവായിരുന്നെങ്കിലും ഒരേ സാധനം രണ്ടും മൂന്നും പ്രാവശ്യം ഓർഡർ ചെയ്യേണ്ടി വന്നപ്പോൾ ആ വിലക്കുറവിലെ ‘ന്യായം’ ഞങ്ങൾക്കു മനസ്സിലായി.

കഴിഞ്ഞ വട്ടം പോയപ്പോഴേ പോകണമെന്നു വിചാരിച്ച്‌ നടക്കാതെ പോയ സ്ഥലമായിരുന്നു ഫോർട്ട് കൊച്ചി, അതുകൊണ്ടു തന്നെ ഇനി എങ്ങോട്ടെന്നു അധികം ആലോചിക്കേണ്ടി വന്നില്ല. വണ്ടി നേരെ വിട്ടു ഫോർട്ട് കൊച്ചിക്ക്, സോറി വണ്ടിയല്ല ബോട്ട്. ഏകദേശം ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരമാണ് ജലമാർഗം പോയാൽ, അത് എറണാകുളം സിറ്റി വഴി റോഡ്മാർഗം ആയിരുന്നെങ്കിൽ 12 മിലോമീറ്ററോളം വരും. ഇച്ചിരി കൂടി ഫ്രൈഡ് റൈസ് ഇങ്ങോട്ടെക്ക് എടുത്തേ മോനെ എന്നു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ആ ബോട്ട് കിട്ടില്ലായിരുന്നു മഴ നന്നായി കിട്ടുകയും ചെയ്തേനെ. എന്തായാലും ചെറിയ ചാറ്റൽ മഴ കൊണ്ടെങ്കിലും ബോട്ടിലെ അവസാന യാത്രക്കാരായി ഞങ്ങൾ കയറിയെങ്കിലും ഒടുവിൽ ഞങ്ങൾ ഫോർട്ട്കൊച്ചിയിലെത്തി.

ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർച്ചുഗീസുകാർ കടലിന്റെ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌ (1503). ‘കോട്ടക്കൊച്ചി’ എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്ന് അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി, ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്‌. ‘കോട്ട’ എന്ന ഗ്രാമീണപദത്തേക്കാളും ഗമ ‘ഫോർട്ട് ‘ എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം ഇത് എന്നാണ്‌ ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ അഭിപ്രായം.

ബ്രിട്ടീഷുകാരുടെയും, പോർച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയുമൊക്കെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇവിടം. പുതിയ കെട്ടിടങ്ങൾ പണിയാൻ പാടില്ല എന്നുള്ള തദ്ദേശശീയ നിയമമുള്ളത് കൊണ്ട് ഇവിടുള്ള കെട്ടിടങ്ങളും, കഫേകളും, ഹോട്ടലുകളും, താമസസൗകര്യമുള്ള കെട്ടിടങ്ങളും മറ്റും രൂപന്തരപ്പെടുത്തിയെടുത്തതാണ്‌. അതു കൊണ്ടു തന്നെ പഴമയുടെ പുതുമ വിളിച്ചോതുന്ന പ്രദേശമാണിത്. ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും.

വാസ്കോഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി ഇവിടെയാണ്, പിന്നെ ഡച്ച്‌ സെമിത്തേരി ഉണ്ട് ഇവിടെ. ആലോചിച്ചു നോക്കു എവിടെയോ ഉള്ള വിദേശികളുടെ അച്ഛനപ്പൂപ്പന്മാർ സുഖനിദ്ര കൊള്ളുന്ന ഇടമാണ് നമ്മുടെ നാട്. പലരും സ്വന്തം പൂർവികരെ തേടി ഇപ്പോഴും ഇവിടേക്ക് വരുന്നു. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ് ആയിരുന്നു ഫോർട്ട് കൊച്ചി. ഇന്ത്യൻ നാവികസേനയുടെ ‘ദ്രോണാചാര്യ’ കപ്പൽ ഇവിടെയാണ് തവളമടിച്ചിരിക്കുന്നത് (അവിടേക്ക് പോകുമ്പോ കുറച്ചൊന്നു ഗൂഗിളിൽ തപ്പി).

Read Also:   ഹംപി എന്ന ക്ഷേത്ര നഗരി

പക്ഷെ സത്യം പറയാമല്ലോ മഴ ചതിച്ചാശാനെ.
ബോട്ടിറങ്ങി കുറച്ചു നടന്നു, പിന്നെ ഒരു ഓട്ടോ പിടിച്ചു , ചെറിയ ഓട്ടോ ആയതോണ്ട് ഞാൻ ആദ്യമേ പറഞ്ഞു, ഞങ്ങൾ 5 പേരുണ്ട് പിന്നെ രണ്ട് കുട്ടികളും, ‘അതൊന്നും പ്രശ്നമില്ല നിങ്ങൾ കേറിക്കോ’ എന്നു ആ ചേട്ടൻ കൂളായിട്ട് പറഞ്ഞു. ഒരാൾ മുന്നിലും ബാക്കിയുള്ളവർ പിന്നിലുമായി ഞങ്ങൾ കേറി, കൽഭിത്തിക്കടുത്തുള്ള റോഡിൽ ഞങ്ങൾ ഇറങ്ങി. നേരെ മുന്നിൽ ഇരുവശത്തും നിരനിരയായ് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും മറ്റും വിൽക്കുന്ന ചെറിയ കടകളുടെ നടുവിൽ കൂടിയുള്ള വഴി ആ ഓട്ടോ ചേട്ടൻ കാണിച്ചു തന്നു. അത് വഴി പോയിട്ട് സ്ഥലങ്ങൾ കാണാനുണ്ടെന്നും, കടൽക്കരയിലേക്കു ഇറങ്ങാമെന്നും അദ്ദേഹം പറഞ്ഞു തന്നു. എന്നാൽ മഴ ഞങ്ങൾക്കൊരു ഭീഷണിയായി പെയ്തിറങ്ങാൻ പാകത്തിന് കാത്തു നിൽപ്പുണ്ടായിരുന്നു.

നെഹ്റു പാർക്ക് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, ആ വഴി കുറെ മരങ്ങൾ ഉണ്ടായിരുന്നു, താഴെ നിന്നും മുകളിലേക്ക് നോക്കുമ്പോൾ ഇലകൾ കൊണ്ടുള്ള പരവതാനി വിരിച്ചതു പോലുള്ള ഭംഗിയായിരുന്നു ആകാശത്തിന്. ഞാൻ കുറച്ചു ഫോട്ടോകൾ എടുത്തു. മഴ കാരണം വഴിയിലുള്ള കടകളൊക്കെ അടച്ചു തുടങ്ങിയിരുന്നു, പാർക്കിൽ ഊഞ്ഞാല് കണ്ടു പ്രാന്തായി കുട്ടികളെയും കൊണ്ട് ഊഞ്ഞാലിലേക്കു ഓടിക്കയറിയ എന്നെയും ചേച്ചിയെയും ആ ഗാർഡ് ചേട്ടൻ പുഷ്പം പോലെ ഇറക്കി വിട്ടു. പിന്നെ മക്കള് രണ്ടും എന്തൊക്കയോ കളിച്ചു.

അപ്പോഴാണ് പാർക്കിന് പുറത്തെ കെട്ടിടങ്ങൾ ഞങ്ങൾ കണ്ടത്, ”ആക്ഷൻ ഹീറോ ബിജു” സിനിമയിലെ ‘പൂക്കൾ പനിനീർ പൂക്കൾ…’ പാട്ടും പാടി നിവിനും അനു ഇമ്മാനുവേലും കൈ പിടിച്ചു നടന്ന സ്ഥലമല്ലേ ഇത്? എന്നും ചോദിച്ചു കൊണ്ട് ക്രിസ്മസിന് കരോൾ ഗാനം പാടി വീടുവീടാന്തരം കയറി ഇറങ്ങുന്ന പിള്ളേരെ പോലെ ഞങ്ങൾ അവിടെ കടയിലെ പയ്യന്മാരോടും ഓട്ടോ ചേട്ടന്മാരോടും മാറി മാറി ചോദിച്ചു. അവർ ചിരിക്കുന്നുണ്ടായിരുന്നു.

ആ ഓട്ടോക്കാർ നല്ലവരായത് കൊണ്ട് ഞങ്ങളെ പറ്റിക്കാൻ ഇതതല്ല സ്ഥലം അതു വേറെ സ്ഥലമുണ്ടെന്നും പറഞ്ഞ്‌ ചുറ്റിക്കറക്കി കാശ്‌ വാങ്ങാൻ നിന്നില്ല. ഇരുവശങ്ങളിലും നിരന്നു നിൽക്കുന്ന കെട്ടിടങ്ങൾക്ക്‌ നടുവിലൂടെയുള്ള ടാറിട്ട റോഡ് ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു, ‘നിങ്ങൾ ഈ വഴി നടന്നോ, ഇതൊക്കെ തന്നെയാ ആ സ്ഥലങ്ങൾ, കുറെ നടന്നു കാണാനുള്ളത് തന്നെയാ. ഇഷ്ട്ടം പോലെ കെട്ടിടങ്ങൾ ഉണ്ട് കാണാൻ, അതുവഴി പോയി കടൽക്കരയിൽ എത്താം.

ആ കെട്ടിടങ്ങൾ എല്ലാം തന്നെ ഫ്രഞ്ച് മാതൃകയിൽ പണിതതായിരുന്നു. അപ്പോഴേക്കും ചാറ്റൽ മഴ തുടങ്ങി. അടുത്തു തന്നെകണ്ട ഒരു കഫേയിൽ ഞങ്ങൾ കയറി, ലെമൺ ടീ ഓർഡർ ചെയ്തു. ഒരു ചെറിയ കഫേ ആയിരുന്നു, നേരത്തെ പറഞ്ഞ പോലെ പഴയ ഒരു കെട്ടിടം കഫേ ആക്കി മാറ്റിയിരിക്കുന്നു. അതും നല്ല ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. പുറത്തെ മഴയും ലെമൺ ടീയുടെ രുചിയും എല്ലാം കൂടി നല്ല കാലാവസ്ഥ. പക്ഷെ പറഞ്ഞിട്ടെന്താ ഒന്നും നടന്നു കാണാൻ പറ്റിയില്ല. ഇരുട്ടായി തുടങ്ങി, പിന്നെ മഴയും.

അറബിക്കടലിൻറെ സൗന്ദര്യം ആസ്വദിച്ച് ‘രാജാവെ രാജാവേ ഞങ്ങളിതാ നിങ്ങളെ കാണാൻ വന്നിരിക്കുന്നു, റാണിയെ നേരത്തെ കണ്ടു കേട്ടോ’, എന്നൊക്കെ ഡയലോഗ് അടിക്കാമെന്നു വിചാരിച്ചിറങ്ങിയിട്ട് ഒന്നും നടക്കാതെ പോയി നിരാശ മാത്രം ബാക്കി വെച്ച് ചരിത്രമുറങ്ങുന്ന മണ്ണിൽ സായിപ്പ് ബാക്കി വെച്ചു പോയ മനോഹര സൗധങ്ങൾക്കിടയിലൂടെ ഞങ്ങളുടെ ടാക്സി കാർ മെല്ലെ നീങ്ങിത്തുടങ്ങി. ഒരിക്കൽ നമ്മോടു കൂടെ നമ്മളിലൊരാളായി നിന്നു നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും നമ്മളെയും പ്രണയിച്ച്‌ ഒരു പിടി മധുര സ്മരണകളും സ്മാരകങ്ങളും നമുക്ക്‌ സമ്മാനിച്ച്‌ ആത്മാവും ശരീരവും ഈ മണ്ണിൽ ലയിപ്പിച്ച സായിപ്പിനോടും മദാമ്മയോടും ‘മറക്കാതെ ഞാൻ ഇനിയും വരും’ എന്നു ആ കാറിനുള്ളിൽ നിന്നും ഞാൻ കൈ വീശി പറഞ്ഞു. പുറത്തു നിന്ന്‌ കാറിലെ ചില്ലിന്റെ മുകളിലൂടെ ഊർന്നിറങ്ങിയ നീർക്കണങ്ങളിൽക്കിടയിൽ കൂടി ‘തീർച്ചയായും വരണമെന്ന് അവരും എന്നോട് കൈ വീശി.

തുടരും……

രണ്ടാം ഭാഗം വായിക്കു

Sponsored Ads

Reshma Vachali (Twitter: @reshvach )