ഒരു വിജൃംഭിച്ച യാത്ര

മ്മടെ ഗൂഗിൾ മാപിന് മാർഗമല്ല ലക്ഷ്യമാണ് പ്രധാനം.

ഏതൊക്കെ വഴിയിൽ കൂടിപ്പോയാലും എങ്ങനെയൊക്കെ കറക്കിയടിച്ചാലും നമ്മളെ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നാണ് മാപ് പറയുന്നത്.

അങ്ങനെ കണ്ണൂരിൽ നിന്നും ബാംഗ്ളൂരിലേക്കുള സ്ഥിരം യാത്രകളിൽ ഒരു യാത്ര, നാട്ടിൽ നിന്നും ഇറങ്ങാൻ എപ്പോഴും വൈകും എന്നാൽ ബാംഗ്ലൂരിൽ നിന്നും പുലർച്ചക്കൊക്കെ ഇറങ്ങാൻ പറ്റാറുണ്ട്. എന്ത് വിരോധാഭാസം ആണിതെന്നു ചിന്തിച്ചാൽ വീടും ഫ്ലാറ്റും തമ്മിലുള്ള വ്യത്യാസം എന്നേ തോന്നിയിട്ടുള്ളൂ.

അങ്ങനെ ലേറ്റ് ആയിട്ടിറങ്ങിയ ഒരു ദിവസം, ഞങ്ങൾ ബാംഗ്ലൂർ – മൈസൂർ ഹൈവേയിൽ എത്തുമ്പോഴേക്കും നന്നായി ഇരുട്ടിത്തുടങ്ങിയിരുന്നു. മുന്നിലെ വാഹനങ്ങളുടെ ലൈറ്റ് കുറെ കണ്ണിലേക്കടിച്ചപ്പോ എൻ്റെ കണ്ണുകൾക്ക് ഉറക്കം കൂട്ട് വന്നു.

കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പോ ഞാൻ കാണുന്നത് കൂറ്റാക്കൂറ്റിരുട്ട് സ്വപ്നം കാണുകയാണോ അതോ ലോകം മൊത്തം കറണ്ട് പോയോ എന്ന് ഞാൻ പേടിച്ചു. അക്ഷരാർത്ഥ്ത്തിൽ പേടിച്ചു.ചുറ്റും കുറെ സമയം നോക്കി കഴിഞ്ഞാണ് ഇതേത് വഴിയിൽ കൂടിയ നമ്മൾ പോകുന്നതെന്ന് ഞാൻ ചോദിച്ചത് എൻ്റെ ടെക്കി ഭർത്താവ് , നല്ല രസികൻ ചിരി ചിരിച്ചോണ്ട് പറഞ്ഞു, ഒരു ദുർബല നിമിഷത്തിൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു പോയി, ഹൈവേയിൽ നിന്നും ഇടത്തോട്ട് വെട്ടിച്ചാൽ വേഗം ബാംഗ്ലൂർ എത്തിച്ചു തരാമെന്നു പറഞ്ഞെന്നെ പറ്റിച്ചോന്നൊരു സംശയം.

ഹൈവേ മൊത്തം ട്രാഫിക് ജാം ആയിരുന്നു. ക്ലെച് ചവിട്ടി ചവിട്ടി മൂപ്പർക്ക് മതിയായിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഈ വീരക്ര്യത്യത്തിന് ഇറങ്ങിപ്പുറപ്പെടാൻ തോന്നിയത്. ഒരഭിപ്രായം ചോദിച്ചാൽ ഉറങ്ങിക്കിടക്കുന്ന ഞാൻ വായിൽ തോന്നിയ അഭിപ്രായം പറയും അതിലും നല്ലത് ചോദിക്കാതിരിക്കുന്നതാ.

ഒരു റോഡ് മൂവിക്ക്‌ വേണ്ടി വൈഡ് ആംഗിളിൽ കാമറ വെച്ചാൽ എങ്ങനെയുണ്ടാവും? അതായിരുന്നു സീൻ. ചുറ്റും കട്ട പിടിച്ച ഇരുട്ട്, ആ ഇരുട്ടിനെ കീറിമുറിച്ചു ഒരു മീഡിയം സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കറുത്ത കാർ. അമാവാസി രാത്രിയാണെന്നു തോന്നുന്നു, ചന്ദ്രനില്ലാത്തത് കാരണം ഇരുട്ടിനു കറുപ്പ് കൂടുതലായിരുന്നു.

ചുറ്റുമുള്ള പ്രകൃതി ഇളം കാറ്റ് പോലുമില്ലാതെ നിൽക്കുന്നു. ചുറ്റുമുള്ളത് വയലാണോ? ചെറിയതോ വലിയതോ ആയ കാടാണോ എന്നൊന്നും മനസ്സിലാവുന്നില്ല. ഇടയ്ക്കൊന്നു കാറിൻ്റെ ഗ്ലാസ്സ് ചെറുതായി താഴ്ത്തിയപ്പോ രാത്രി ജീവികളുടെ കലപില ശബ്ദം കേൾക്കാമായിരുന്നു, നല്ല കിടുക്കൻ മൂടൽ മഞ്ഞ്‌ എസി യെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി. ശരീരം മുഴുവൻ കോരിത്തരിപ്പുണ്ടാക്കുന്ന വിധമുള്ള തണുപ്പ്. കയറി വന്നത് മൂടൽമഞ്ഞോ അതോ? അപ്പൊ തെന്നെ ഗ്ലാസ് കയറ്റി വെച്ച്, എന്തിനാ വെറുതെ രാത്രി നടക്കാനിറങ്ങിയ പ്രേതങ്ങൾക്കു പണിയുണ്ടാക്കുന്നെ, പണ്ട് നമ്മുടെ നാട്ടിൽ കേൾക്കാറുണ്ടായിരുന്ന തരം ജീവികളുടെയും തവളകളുടെയും ശബ്ദങ്ങൾ മാറി മാറി കേൾക്കാമായിരുന്നു.

Read Also:   അറബിക്കടലിന്റെ റാണിയെ കാണാൻ-1

മുന്നിലേക്ക് നോക്കിയാൽ കാണുന്നത് നല്ല കട്ട മൂടൽ മഞ്ഞാണ്. സ്പീഡ് ഇച്ചിരി കുറച്ചത് അതു കൊണ്ടാണ്, വഴിയിലുള്ള കുഴി മാപ് പറഞ്ഞു തരില്ലലോ, പിന്നെ വല്ല സാമൂഹ്യ വിരുദ്ധർ വരുന്നതും മുൻകൂട്ടി പറയാൻ ഈ മാപ് സുന്ദരിക്ക് പറ്റില്ലലോ. വല്ലതും പെട്ടെന്ന് മുന്നിലേക്ക് കേറി വന്നാൽ കാണാതെ പോയാലോ? ഇനി ഇതിനായിട്ട് ഇരിക്കുന്ന വല്ല കള്ളന്മാരും ഉണ്ടെങ്കിലോ? പ്രേതങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാം, ഈ മനുഷ്യപ്രേതങ്ങളോട് എന്ത് പറഞ്ഞു രക്ഷപ്പെടും? നാവുയർത്താൻ അവന്മാര് വിടുമോ? കത്തി വെച്ച് കഴുത്തിലൊരു വര, തീർന്നു കാര്യം. ഫാമിലി ആണോ ശ്യാമിലി ആണോ കുഞ്ചാക്കോ ബോബനാണൊന്നൊന്നും അവര് നോക്കില്ല. പിന്നെ അതുക്കും മേലെ, ഒരു ഇരയാവാനുള്ള താല്പര്യം എനിക്കും ഇല്ലായിരുന്നു.

മുന്നിൽ കാണുന്ന കാറിൻ്റെ വെളിച്ചമല്ലാതെ വേറൊന്നും ഇല്ല. കുറച്ചധികം ദൂരം അങ്ങനെ പോയി. ഒരു നല്ല റോഡ് കാണാനും ഏതെങ്കിലും ഒരു മനുഷ്യനെ കാണാനും, എന്തിനു ഒരു പൂച്ചകുഞ്ഞിനെയെങ്കിലും കാണാൻ അതിയായ ആഗ്രഹം തോന്നി. ജന വാസമുള്ളതോ മൃഗവാസമുള്ളതോ ആയ സ്ഥലമാണോ അതെന്നു ആശ്വസിക്കാൻ അങ്ങനെയൊരു കാഴ്ച വേണമല്ലോ.

കുറെ ദൂരം പോയപ്പോ എപ്പോഴാണെന്നു അറീല്ല പെട്ടെന്ന് വെളിച്ചമുള്ള ഒരു റോഡിലെത്തി കുറച്ച് കൂടി പോയപ്പോ തമിഴ് സിനിമായിലൊക്കെ കാണുന്ന മാതിരി ഇരുവശത്തും വരി വരിയായി വീടുകൾ നിൽക്കുന്ന നല്ല ഒരു റോഡ്. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം. ഏറെക്കുറെ ആ സ്ഥലം വിജനമായിരുന്നു. ഒന്നു രണ്ടാളുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ, ആ ആളുകളൊക്കെ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുമുണ്ടായിരുന്നു .

ആ പ്രദേശത്തു കൂടെ ഒരു രണ്ട് മൂന്നു കിലോമീറ്ററ് പോയപ്പോഴേക്കും ഒരു റയിൽവേക്രോസ്സും അതിന്റെ അപ്പുറത്ത് ഹൈവേയും കണ്ടു. അപ്പോഴാണ് ശെരിക്കും ശ്വാസം നേരെ വീണത്.

അതിനു ശേഷം ബാംഗ്ലൂർ എത്തുന്നത് വരെ ഞങ്ങൾ അപ്പൊ കഴിഞ്ഞ ആ ഇരുട്ടുപിടിച്ച യാത്രയെ പറ്റി പറഞ്ഞോണ്ടിരിക്കുകയായിരുന്നു. തമാശയായിട്ടാണ് അപ്പോൾ ഞങ്ങളത് പറഞ്ഞതെങ്കിലും, ആ ഇരുണ്ട ഭൂമിയിലൂടെയുള്ള യാത്രയിൽ അനുഭവിച്ച ടെൻഷൻ അതൊന്നു വേറെ തന്നെയായിരുന്നു.

Sponsored Ads

Reshma Vachali (Twitter: @reshvach )