യശ്വന്തപുരയിൽ നിന്നും രാത്രി പുറപ്പെട്ട ഹംപി എക്സ്പ്രസ്സ് രാവിലെ 7 മണിയോട് കൂടി ഹോസ്പേട്ട് സ്റ്റേഷൻ എത്താറായപ്പോൾ കണ്ട കാഴ്ച്ച അത്ര സുഖം തോന്നുന്നതായിരുന്നില്ല. ഗ്രാമങ്ങളിലെ കുട്ടികൾ റെയിൽവെ ട്രാക്കിന് സമീപമിരുന്ന് പ്രഭാത കൃത്യങ്ങൾ ചെയ്യുന്നു. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ള ഹംപി കാണാൻ വരുന്ന വിദേശികളും ഈ കാഴ്ച്ച കാണുമല്ലോ എന്നോർത്ത് അല്പം ജാള്യത തോന്നി.
എന്നാലും ഹോസ്പേട്ട് മുതൽ അങ്ങോട്ട് കാഴ്ച്ചകളുടെ നിറം മാറി തുടങ്ങി. പാറകല്ലുകൾ പെറുക്കി അടുക്കി വച്ചത് പോലെയുള്ള മലകളും ക്ഷേത്രങ്ങളും മണ്ഡപങ്ങളും ഡിസംബർ മാസത്തെ തണുപ്പും എലാം കൂടി മനസ് കുളിർത്തു.
ഹൈവേയിലെ ട്രാഫിക് aidpost മുതൽ ഹംപി പോലീസ് സ്റ്റേഷൻ വരെ പ്രവർത്തികുന്നത് പഴയ ക്ഷേത്ര അവശേഷിപ്പുകളിൽ തന്നെ. ഹോസ്പേട്ട് റെയിൽ വേസ്റ്റേഷനും മുഖം മിനുക്കി സുന്ദരിയാകുന്നുണ്ട്.
കർണാടകയിലെ ബെല്ലാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹംപി പഴയ കാലത്ത് പംപാ ക്ഷേത്ര എന്നും അറിയപെട്ടിരുന്നു. പംപ (തുംഗഭദ്ര) നദിയുടെ പേരിൽ അറിയപ്പെടുന്നതിനാലോ അതല്ല പംപാപതിയുടെ (ശിവൻ, പംപാ ദേവി എന്നത് പാർവ്വതി ദേവിയുടെ നാമം ) പേരിൽ അറിയപ്പെടുന്നതിനാലോ ആകാം ഹംപി എന്ന പേര് ഈ സ്ഥലത്തിന് കിട്ടിയതെന്ന് പറയപ്പെടുന്നു.
രാമായണത്തിലെ കിഷ്ക്കിന്ദ ഇവിടെയായിരുന്നു എന്നും ഹനുമാൻ ജനിച്ചത് ഇവിടെയെന്നും ഐതീഹ്യം. ഹനുമാന്റെ അമ്മയായ അഞ്ജന ദേവി തപസു ചെയ്തു എന്ന് പറയുന്ന അഞ്ജനാദ്രി മലയിൽ പ്രശസ്തമായ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
എതാണ്ട് അറുന്നൂറോളം പടികൾ കയറി ഇവിടെ എത്തുമ്പോൾ കാണുന്നത് ഹംപിയുടെ ഒരു അകാശദൃശ്യമാണ്. ഹംപിയിൽ ചെറുതും വലുതും, പ്രശസ്തവും അത്രയൊന്നും അറിയപ്പെടാത്തതുമായ നൂറോളം ക്ഷേത്രങ്ങളുണ്ട്.
ഹoപി യിലെ ക്ഷേത്രങ്ങൾ മിക്കവയും ഒൻപതാം നുറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ടിന്റെ ഇടയ്ക്ക് നിർമിച്ചവയാണ്. അവയിൽ അതിപ്രശസ്തമായ ചിലത് മാത്രമാണ് രണ്ട് ദിവസം കൊണ്ട് ഒന്ന് ഓടിച്ച് കാണാനെങ്കിലും സാധിക്കുന്നത്.
ഓരോ തൂണുകളും മറ്റൊന്നിൽ നിന്നും വ്യത്യസ്തം, ഓരോ ചുമരും കൊത്തുപണികളാൽ സമൃദ്ധം.
വിരൂപാക്ഷ ക്ഷേത്രം
ഇന്നും നിത്യ പൂജ നടക്കുന്ന വിരൂപാക്ഷ ക്ഷേത്രം തന്നെയാണ് ക്ഷേത്രങ്ങളിൽ പ്രധാനി. ഇവിടത്തെ പ്രധാന ഗോപുരം 50 meter നീളത്തിൽ 9 നിലകളോട് കൂടി ഭാരതത്തിലെ ഏറ്റവും നീളം കൂടിയ ക്ഷേത്ര ഗോപുരങ്ങളുടെ പട്ടികയിൽ ഇന്നും നിലകൊള്ളുന്നു.
പ്രധാന ഗോപുരത്തിന്റെ തലകീഴായ നിഴൽ (inverted image) ക്ഷേത്രത്തിനകത്തെ 300 അടിയോളം ദൂരത്തുള്ള മണ്ഡപത്തിന്റെ ചുമരിൽ പതിക്കുന്നത് അത്ഭുതത്തോടെയല്ലാതെ കണ്ട് നിൽക്കാൻ ആകില്ല. വിരൂപാക്ഷ ക്ഷേത്രത്തിന്റെ മച്ചിൽ മനോഹരമായ നിരവധി പെയ്ന്റിങ്ങുകൾ കാണാവുന്നതാണ്. ഉമാ മഹേശ്വര പരിണയവും രാമായണത്തിലെ ചില സന്ദർഭങ്ങളും ഇതിൽ കാണാം.
എല്ലാ വർഷവും നടക്കുന്ന ശിവ പാർവ്വതി വിവാഹ നിശ്ചയവും, വിവാഹവും ഇവിടെ വലിയ ഉത്സവങ്ങളാണ്.
വിട്ടാല ക്ഷേത്രം
വിരൂപാക്ഷ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിട്ടാല ക്ഷേത്രവും. വിഷ്ണു ക്ഷേത്രമായ ഇവിടെയാണ് പ്രശസ്തമായ ഹംപി രഥം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ മുഖമണ്ഡപത്തിലെ തൂണുകൾ സംഗീതം പൊഴിക്കുന്നു.
Musical pillars എന്നറിയപ്പെടുന്ന തൂണുകൾ മറ്റൊരു വിസ്മയമാണ്. ഓരോ തൂണിലും സ്ഥിതി ചെയ്യുന്ന ശില്പങ്ങൾ വായിക്കുന്ന സംഗീതോപകരണത്തിന്റെ ശബ്ദമാണ് ആ തൂണിൽ നിന്നും കേൾക്കുക . ആളുകളുടെ അമിത ആവേശം കാരണം തൂണുകൾ പലതു നിലം പതിച്ച നിലയിൽ ആയി.
അച്ചുതരായ ക്ഷേത്രം, ഹസാര രാമ ക്ഷേത്രം , കോദന്ത രാമ ക്ഷേത്രം, നരസിംഹ ക്ഷേത്രം, ബദാവി ലിംഗ, സാസിവ കാലു (mustard) ഗണേശ , ഹേമക്കുട്ട മലയിലെ ക്ഷേത്രങ്ങൾ,പ്രസന്ന വിരൂപാക്ഷ ക്ഷേത്രം , ലോട്ടസ് മഹൽ, ക്വീൻസ് ബാത്ത്, എലഫന്റസ് സ്റ്റേബിൾ , വെള്ളം സംഭരിച്ച് വെക്കുന്ന പുഷ്കരണികൾ , വജ്രം മുതൽ മൃഗങളുടെ വരെ കച്ചവടം നടന്നിരുന്ന നിരവധി മാർക്കറ്റുകൾ എന്നിവ വിജയനഗര സാമ്രാജ്യത്തിന്റെ സുവർണകാലഘട്ടത്തിന്റെ അവശേഷിപ്പുകളിൽ ചിലത് മാത്രമാണ്.
ഈ നിർമ്മിതികൾ പോയ കാലത്തിന്റെ കലാ സാംസ്കാരിക വൈഭവത്തിന്റെ മാത്രമല്ല അന്നത്തെ മനുഷ്യരുടെ ദിർഘവീക്ഷണത്തിന്റെയും , കഠിന പ്രയത്നതിന്റെയും സഹിഷ്ണുതയുടെയും കൂടി പ്രതീകമാണ്.
ഹംപിയിലെ മറക്കാനാകാത്ത മറ്റൊരു കാഴ്ച്ച മാതംഗ മലയിലെ സൂര്യോദയം ആണ്. തുംഗഭദ്ര നദിയിലെ കുട്ടവഞ്ചി സവാരിയും മനോഹരം തന്നെ.
Sponsored Ads
അങ്ങനെ കണ്ട് മതിയാകാത്ത കാഴ്ചകളുമായി ഹംപിയിൽ നിന്നും തിരിച്ചപ്പോൾ മനസ് പറഞ്ഞു Incredible India