അറിയപ്പെടാത്ത കാഴ്ചകൾ…
മണിക്കുന്ന് മലയിലേക്ക്
ഇരുട്ട് കോറിയിട്ട പാതയിലൂടെ ചങ്കിലിത്തിരി ഭയവും താങ്ങിയാണ് മണിക്കുന്ന് മലയിലേക്ക് യാത്ര തുടങ്ങിയത്. വർഷത്തിൽ ഒരുതവണ മാത്രം ആളുകൾ കയറുന്ന ആ ഏകാന്തതയുടെ കൊടുമുടിയിൽ നിന്നുള്ള കാഴ്ച്ച തേടിയാണ് യാത്ര ആരംഭിച്ചത്. യാത്രയോടും കാടിനോടുമുള്ള ഇഷ്ടം സഹപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സുഹൃത്ത് കെ.എസ് നിജിലിൽ നിന്നും മണിക്കുന്നിനെ കുറിച്ച് കേൾക്കുന്നത്. മറക്കാതെ തന്നെ അവൻ ആ ദിവസത്തെ ഓർമിപ്പിച്ചു. പിന്നെ അതികമൊന്നും ആലോചിച്ചില്ല, കൂട്ടുകാരോടൊക്കെ ചോദിച്ചു, ആർക്കും സമയമില്ല, പിന്നെ തനിയെ മണിക്കുന്ന് മലയിലേക്ക്….
കൈയിൽ അപ്പോൾ വാഹനമില്ലാത്തതിനാൽ നിജിലിന്റെ തന്നെ സഹായം തേടി. പുലർച്ച 3.45 ഫോണിലൂടെ വിളിച്ചുണർത്തി. ഭാഗ്യത്തിന് ഫോൺ കണക്ടായി. 4.15 ഓടെ അവന്റെ പടക്കുതിരയിൽ മണിക്കുന്ന് മലയെ ലക്ഷ്യമാക്കി നേർത്ത തണുപ്പിലൂടെ എൻജിൻ കുതിച്ചു. തലേന്നു പെയ്ത മഴയുടെ മർമരങ്ങൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. നഗരപാതകളെ പിന്നിലാക്കി പതിയെ ഗ്രാമീണ പാതകളിലേക്ക് കടന്ന എൻജിന്റെ ശബ്ദം ദേഷ്യത്തോടെ മുരണ്ടു. ഇരുട്ടിൽ കട്ടപിടിച്ച എസ്റ്റേറ്റ് നിശബ്ദയ്ക്കു മുകളിൽ കരിമ്പടം പോലെ കോളാമ്പിയിൽ നിന്നും ഭക്തിഗാനം പരന്നു. മണിക്കുന്ന് മലയുടെ താഴ്‌വാരത്ത് ദേവി ക്ഷേത്രത്തിനു മുന്നിലായി ആദ്യ യാത്ര അവസാനിച്ചു. ഇരുട്ട് അപ്പോഴും മൂടിപുതച്ച് ഉറങ്ങുകയാണ്. ദേവി ക്ഷേത്രത്തിനുള്ളിലെ നിലവിളക്കുകളിൽ നിന്നും മിന്നാമിന്നി വെട്ടം പോലെ പ്രകാശം ഇരുട്ടിനെ നോക്കി ചിരിച്ചു.
മണിക്കുന്ന് മലയിലേക്കുള്ള വഴിയിൽ ഇരുട്ട് കാവലിരുന്നതിനാൽ കുറച്ചു നേരം അവിടെ മറ്റു യാത്രക്കാരെ കാത്തിരുന്നു. അവിടെയുണ്ടായിരുന്ന ചേട്ടന്മാരോട് അന്വേഷിച്ചപ്പോൾ ആളുകൾ മലകയറാൻ തുടങ്ങിയെന്നറിഞ്ഞു. സ്ഥലം പരിചിതമല്ലാത്തതിനാൽ അല്പ സമയം കാത്തിരുന്നു. അപ്പോഴാണ് ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇരുമ്പികൊണ്ടു വന്നു നിന്നത്. പുള്ളിക്കാരൻ ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പതിയെ ഞാനും കൂടി. അതിനിടെ നിജിലിനെ അവന്റെ തിരക്കുകളിലേക്കും യാത്രയാക്കി…
പിന്നീടുള്ള കൂട്ട് അപരിചിതനായ (ഹരീഷിനോടൊപ്പം). ഇരുട്ടിലൂടെ മുകളറ്റം കാണാത്ത മണിക്കുന്ന് മലയെ ലക്ഷ്യമാക്കി… അതിനിടെ കരണി സ്വദേശി അനിലേട്ടനേയും കൂട്ടിനു കിട്ടി. അങ്ങനെ മൂന്നു ധ്രുവങ്ങളിലെ മൂന്ന് അപരിചിതർ വിത്യസ്ത മാർഗത്തിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് കയറി തുടങ്ങി…
വഴി ചെറുതായെങ്കിലും അറിയാവുന്നത് മുമ്പ് ഒരുതവണ മല കയറിയ ഹരീഷ് ഭായിക്കു മാത്രം. പക്ഷേ മലകയറ്റം തുടങ്ങുമ്പോൾ തന്നെ വഴിതെറ്റി തുടങ്ങി. ഇരുട്ടാണോ വഴിയാണോ വഴി തെറ്റിച്ചതെന്ന് അറിയില്ല. ഓരോ മുൾപടർപ്പുകളും പിറകോട്ട് വലിച്ചെറിയുന്നുണ്ടായിന്നു. ശരിക്കും കാട് തീർത്ത പ്രതിരോധ പടയാളികൾ തന്നെയായിരുന്നു മുൾപടർപ്പുകൾ..?
തെറ്റിയ വഴികളിലൂടെ ശരിയായ വഴിലേക്ക് എത്തുന്നത് ആയാസകരമാണെങ്കിലും അവ സമ്മാനിക്കുന്ന അനുഭവം വലിയൊരു സമ്പാദ്യം തന്നെയാണ്. മുൾപടർപ്പും കുറ്റിക്കാടുകളും പിന്നിട്ട് ചെങ്കുത്തായ പാറയിലെത്തി. അപ്പോഴേക്കും കിതപ്പിന്റെ വേഗത കാലിനെ തളർത്തുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന അനിലേട്ടനും ഹരീഷും തെല്ലും കൂസലില്ലാതെ മുന്നോട്ടേക്കു തന്നെ. ഞാൻ എന്തായാലും കുറച്ചു നേരം അവിടെ ഇരുന്നു. ഇരുട്ട് വരച്ചിട്ട കാടിന്റെ നിഴൽ ചിത്രങ്ങൾക്കിടയിലൂടെ അങ്ങ് ദൂരെ ആകാശകോണിൽ പൗർണമി നിലാവെട്ടം പൊഴിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച്ച നോക്കി ക്ഷീണത്തോടെ പാറയിൽ ഇരുന്നു. തുടർന്ന് വീണ്ടും മുകളിലേക്ക്…
മടിച്ചെത്തിയ പകൽ പതിയെ ഉണർന്നപ്പോഴേക്കും ലക്ഷ്യസ്ഥാനം തെളിഞ്ഞു വന്നു. അപ്പോഴേക്കും മനസ് ലക്ഷ്യത്തിന്റെ നിർവൃതി ആഘോഷിച്ചു തുടങ്ങിയിരുന്നു. അവസാന കയറ്റവും താണ്ടി 6.10 ഓടെ മണിക്കുന്ന് മലയുടെ മുകളിലെത്തി. ഞങ്ങൾക്ക് മുന്നേ അവിടെയെത്തിവർ വിശ്രമിക്കുകയാണ്. വീണ്ടും മുന്നോട്ടേക്കു നടക്കുമ്പോൾ പുരാതനമായ ഒരു വിഷ്ണു വിഗ്രഹം തുറസായ മണ്ണിൽ സ്വയംഭൂവായി കാണാം. അവിടെയാണ് വർഷത്തിൽ ഒരിക്കൽ മാത്രം പൂജ നടക്കുന്നത്. കുറച്ചു കൂടി മുന്നോട്ടു നടക്കുമ്പോൾ പ്രകൃതിയുടെ ആർക്കിടെക് കലാവിരുത് കാണാം. കൂറ്റൻ പാറക്കെട്ടുകൾ മലയുടെ അറ്റത്ത് തങ്ങിനിൽക്കുന്നു. അതിനു മുകളിലേക്ക് ഇടുങ്ങിയ പാറക്കെട്ടുകൾക്ക് ഇടയിലൂടെ കയറണം. മുകളിൽ നിന്നും കാരപ്പുഴയും തൃക്കൈപ്പറ്റ ഗ്രാമവും നോക്കെത്ത ദൂരത്തോളം പരന്നു കിടക്കുന്ന വയനാടൻ പച്ചപ്പിനേയും കാണാം. ഒപ്പം, അപൂർവ്വ അനുഭവമായ സൂര്യോദയത്തിന്റെ നൈർമല്യവും ഒരുക്കി വച്ചിട്ടുണ്ട് മണിക്കുന്ന് മല. ഒന്നര മണിക്കൂറോളം അവിടെ ചിലവഴിച്ചതിനു ശേഷം തിരികെ ഹരീഷിനോടും അനിലിനോടും യാത്ര പറഞ്ഞ് തിരിച്ചിറങ്ങാൻ തീരുമാനിച്ചു. അപ്പോഴേക്കും വിഗ്രഹത്തിനു മുമ്പിൽ ദക്ഷിണകളായി ചില്ലറ തുട്ടുകളും അഭിഷേകത്തിനുള്ള വസ്തുക്കളും നിറഞ്ഞു തുടങ്ങി. വിഗ്രഹത്തോടും യാത്ര പറഞ്ഞ് തിരികെ…
വന്ന വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് തിരിച്ചിറങ്ങിയത്. തനിച്ച് കാട്ടിലൂടെ നടക്കുമ്പോൾ യാത്രികൻ പ്രകൃതിയോട് ലയിച്ചു ചേരുന്ന അവസ്ഥയായിരുന്നു… കാടിന്റെ സ്വഭാവിക കാഴ്ച്ചകൾ പിന്നിലാക്കി വീണ്ടും നഗരവഴികളിലേക്ക് യാത്രയെ പറിച്ചു നട്ടു… അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി… തൃക്കൈപ്പറ്റയിൽ നിന്നും ബസ് കയറി കൽപ്പറ്റയിലേക്ക് ടിക്കറ്റെടുത്തു.
വേനലിലെ കാഴ്ചകളേക്കാൾ ഭംഗിയുണ്ടാവും ഒരുപക്ഷേ മണിക്കുന്ന് മലയുടെ ശൈത്യകാല കാഴ്ചകൾക്ക്….
Sponsored Ads
കെ. രഗീഷ്