Kottancheri, Thayyeni Kumbeni

കണ്ണൂർ ജില്ലയിലെ ഉദയഗിരിക്കടത്തുള്ള താബോറിൽ നിന്നും ജംഷീറിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് സ്കറിയ ചേട്ടനെ പരിചയപ്പെടുന്നത്. പറമ്പിൽ നല്ല മൂത്ത പേരക്ക കണ്ടപ്പോൾ ചോദിക്കാമെന്നു വച്ചാണ് സ്കറിയ ചേട്ടന്റെ വിട്ടീലേക്ക് കയറി ചെന്നത്. കാര്യമറിഞ്ഞപ്പോൾ തനി കോട്ടയം സ്ലാങ്ങിൽ അച്ചായൻ സമ്മതം മൂളി. പിന്നെ യാത്ര ഏറെ ഇഷ്ടമായിരുന്ന അച്ചായൻ ഞങ്ങൾക്കു കൂട്ടായി. സംസാരത്തിനിടെയാണ് തയ്യേനി കൂമ്പേനിയെ കുറിച്ച് സ്കറിയച്ചായൻ സൂചിപ്പിച്ചത്. ഒപ്പം അങ്ങു ദൂരെ തലയുയർത്തി നിൽക്കുന്ന തയ്യേനിയെ ചൂണ്ടി കാണിച്ച് ഒരു രാത്രി ഞാനവിടെ തങ്ങിയിട്ടുണ്ടെന്നും പറഞ്ഞതോടെ (വെറുതെയാണെങ്കിലും) സഞ്ചരിക്കാൻ ത്രസിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ തലച്ചോറിനു ഭ്രാന്ത് കയറി. പിന്നെ അടുത്ത ലക്ഷ്യസ്ഥാനം വ്യക്തമാക്കി കാസർകോട് – കണ്ണൂർ – കർണ്ണാടക എന്നിവയുമായി അതിർത്തി പങ്കിടുന്ന കോട്ടഞ്ചേരി തയ്യേനി കൂമ്പേനിയിലേക്ക്.

kottancheri hills

kottancheri hills

ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടഞ്ചേരിയിൽ എത്തുന്നത്. കാട് ആരംഭിക്കുന്നിടത്ത് സന്ദർശകരെ സ്വീകരിക്കുന്നത് പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ആന മതിലുകളാണ്. കാടിനോട് ചേർന്നു കിടക്കുന്ന ഇവിടെ ഹരിജൻ കോളനിയുമുണ്ട്. ആന ഇറങ്ങുന്ന പ്രദേശം കൂടിയാണിത്. കേരളം – കർണാടക എന്നി സംസ്ഥാനങ്ങളുടെ വനം വകുപ്പിന് കീഴിൽ വിഭജിക്കപ്പെട്ടു കിടക്കുന്നതിനാൽ ഇവിടേക്ക് സഞ്ചാരികളെ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തിന്റെയും കർണാടകയുടെയും ഫോറസ്റ്റ് ഓഫിസുകളുമുണ്ടിവിടെ. മുൻകൂട്ടി അനുമതി വാങ്ങിയാൽ മറ്റു നടപടി പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
കൊട്ടത്തലച്ചി മലയിലെ രാത്രിക്കു ശേഷമാണ് കോട്ടഞ്ചേരിയിലെത്തുന്നത്. പെരിങ്ങോം പുഴയിൽ നിന്നും നീരാടിയതിനു ശേഷമായിരുന്നു യാത്ര തുടങ്ങിയത്. അപ്പോഴേക്കും ആറളത്തേക്കുള്ള യാത്ര കാൻസലാക്കി സാബിലും ഫാസിലും ഞങ്ങളോടൊപ്പം ചേർന്നിരുന്നു. അട്ടയെ പ്രതിരോധിക്കാൻ സമീപത്തെ കോളനിയിൽ നിന്നും അൽപ്പം ഉപ്പ് വാങ്ങിയായിരുന്നു യാത്ര.

നിഴലുകൾ പതുങ്ങിയിരിക്കുന്ന നിബിഡവനം

കൂറ്റൻ മരച്ചില്ലകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന പ്രകാശ രേഖകൾക്കിടയിലൂടെയാണ് യാത്ര തുടങ്ങിയത്. നട്ടുച്ചയ്ക്കും ഇരുട്ട് ഒളിച്ച് കളിക്കുന്നുണ്ടായിരുന്നു. കുറച്ചു കൂടി അകത്തേക്കു ചെന്നാൽ കുറ്റിക്കാടിനുള്ളിൽ പ്രേതാലയം പോലെ ഒരു കൊച്ചു കെട്ടിടം കാണാം. കേരള വനം വകുപ്പ് ഓഫീസ്. ഇരുചക്രവാഹനങ്ങൾ പോയി പോയി പുല്ലുമുളയ്ക്കാത്ത വഴികളിലൂടെയാണ് നടത്തം. ഉള്ളിലോട്ടു പോകുന്തോറും കാടിന്റെ സ്വഭാവം ലോലമാവും. വൻ മരങ്ങൾ പുല്ല്ക്കാടുകൾക്കായി മാറികൊടുത്തതുപ്പോലെ… കുറച്ചു ദൂരം ചെന്നപ്പോൾ കൊത്തിമിനുക്കിയ നടപ്പാതകൾക്കിരുവശവും പൂച്ചെടികൾ വച്ചുപിടിപ്പിച്ച വഴി ചെന്നെത്തുന്നത് കർണ്ണാടക വനംവകുപ്പ് ഓഫിസിലാണ്. നാലുഭാഗവും കമ്പി തുളച്ചു വച്ച് സംരക്ഷണം തീർത്ത ഭിത്തിക്കുള്ളിലാണ് ഓഫീസ്. അല്പം ക്രൂരമാണെങ്കിലും ആനയുടെ ആക്രമണം തടയാനാണിതെന്നു മനസിലായി. ഉച്ചയ്ക്കു അവിടെ എത്തുമ്പോൾ ആരെയും അവിടെ കണ്ടിരുന്നില്ല. ഗേറ്റ് താക്കോലിട്ട് പൂട്ടിയിരിക്കുകയായിരുന്നു. കുറച്ചു സമയം അവിടെ വിശ്രമിച്ചതിനു ശേഷം വീണ്ടും യാത്ര ആരംഭിച്ചു.
കുറച്ചു ദൂരം നടന്നപ്പോൾ നാശോന്മുഖമായ ഒരു കെട്ടിടം കാണാൻ കഴിഞ്ഞു. കാട് കൈയേറി മുമ്പവിടെ ഏലകൃഷിയുണ്ടായിരുന്നു. ആ ഭൂമി പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നെന്നും എസ്റ്റേറ്റിന്റെ ഭാഗങ്ങളാണിവയെന്നും നാട്ടുകാരായ കുട്ടികളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. കാലു പതിഞ്ഞ് വഴി രൂപപ്പെട്ട ഭാഗത്തൂടെ യാത്ര വീണ്ടും തുടർന്നു. ആ വഴി ചെന്നെത്തുന്നത് ചെറിയൊരു വെള്ളച്ചാട്ടത്തിലായിരുന്നു. അവിടെയെത്തിയപ്പോഴാണ് വഴി തെറ്റിയെന്ന് മനസിലായത്. കാട്ടാറിലെ നീരാട്ടിനു ശേഷമായിരുന്നു പിന്നെ തിരിച്ചു നടത്തം. സമയം ഇരുട്ടി തുടങ്ങുകയും ചെയ്തിരുന്നു. ഒത്തിരി ദൂരം തിരിച്ച് നടന്നപ്പോഴാണ് വന്ന വഴിയിൽ നിന്നും മറ്റൊരു വഴി പുല്ല് മൂടി കിടക്കുന്നത് കാണുന്നത്. ആ വഴി കുറച്ചു ദൂരം നടന്നപ്പോൾ പിന്നെ ചെങ്കുത്തായ കയറ്റമാണ്. പിന്നെ വീണ്ടും നിബിഡമ വനത്തിലെത്തും. സമയം ഇരുട്ടായി തുടങ്ങിയിരുന്നു. പിന്നീടുള്ള ഓരോ കാൽ വയ്പ്പിനുമൊപ്പം ഉള്ളിൽ നിന്നും ഭയപ്പാടുകളും ഉയരുന്നുണ്ടായിരുന്നു. തണുത്ത ഇളം കാറ്റിൽ ചൂടാറാത്ത ആനചൂരയുടെ ഗന്ധം പരിസരമാകെയുണ്ടായിരുന്നു. കണ്ണും കാതും കർമനിരദ്ധമാക്കി ശ്രദ്ധയോടെ മുകളിലേക്കു. പാറക്കൂട്ടങ്ങൾ താണ്ടി ഒടുവിൽ മുകളിലെത്തിയപ്പോഴാണ് ആശ്വാസമായത്.
കോടമഞ്ഞിന്റെ പരവതാനി വിരിച്ചാണ് തയ്യേനി കൂമ്പേനി ഞങ്ങളെ സ്വീകരിച്ചത്. രസമുള്ള തണുപ്പും ഉയരങ്ങളിലെ ഇളം കാറ്റും സമ്മാനിച്ച അനുഭൂതി ഒന്നു വെറെ തന്നെയായിരുന്നു. ഒരാൾ പൊക്കത്തിൽ വളർന്നിരിക്കുന്ന പുല്ലുകൾക്കിടയിലൂടെ കാഴ്ച മറച്ച കോടയോടൊപ്പം കുറച്ചു കൂടി മുന്നോട്ടു നടന്നു. അപ്പോഴേക്കും സ്കറിയ ചേട്ടൻ കാണിച്ചു തന്ന മലയുടെ മുനമ്പിൽ ഞങ്ങളെത്തിയിരുന്നു. നേരം ഇരുട്ടുന്നതിനു മുമ്പ് താഴെ ഇറങ്ങേണ്ടതിനാൽ അര മണിക്കുർ ആ നിശബ്ദതയിൽ ലയിച്ചങ്ങനെ ഇരുന്നു. തുടർന്ന് ഉയരങ്ങൾ കീഴടക്കിയ അനുഭൂതിയോടെ മടക്കയാത്ര…

Read Also:   പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക്

ഗജവീരനു മുമ്പിൽ തോറ്റുപോയ ഭയപ്പാടുകൾ

ആന ചൂരയോടും ദുർഘടമായ വഴികളോടും യാത്ര പറഞ്ഞു താഴ്വാരത്തെ കർണ്ണാടക വനംവകുപ്പ് ഓഫീസിനടുത്ത് എത്തിയപ്പോഴാണ് മറ്റൊരാൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞത്. മണ്ണിൽ പുതഞ്ഞ ഒരു രൂപം പുല്ല് കാട്ടിനുള്ളിൽ, ഞങ്ങളെ കണ്ടതോടെ അവന്റെ കണ്ണിൽ തീഷ്ണതയേറി. പിന്നെ ഒന്നും ആലോചിക്കാനില്ലായിരുന്നു. കർണ്ണാടക വനം വകുപ്പ് ഓഫീസിലേക്ക് നാലും പേരും ഓടി. പൂട്ടിയിട്ടിരിക്കുന്ന വനം വകുപ്പ് ഓഫീസിലേക്ക് എങ്ങനെ മതിൽ ചാടിക്കടക്കാമെന്നായിരുന്നു നാലു പേരുടെയും മനസിൽ. ഭാഗ്യത്തിന് അവിടെ വനം വകുപ്പിന്റെ വാച്ചറുണ്ടായിരുന്നു. രണ്ടു ദിവസമായി ആന അവിടങ്ങളിൽ തമ്പടിച്ചിരിക്കുകയാണെന്നും സ്വഭാവം നിരീക്ഷിക്കുകയാണെന്നും വാച്ചർ തിലക് അണ്ണൻ പറഞ്ഞതോടെ ഭയം ഇരട്ടിയായി. പിന്നെ അന്ന് രാത്രി വാച്ചർ തിലകിനോടൊപ്പം അവിടെ തങ്ങി. മൊബൈലിനു റേഞ്ചില്ലാത്തതിനാൽ പുറം ലോകവുമായി ബന്ധമില്ലായിരുന്നു. രാത്രി ചോറും തക്കാളിക്കറിയും ഉണക്കമീൻ പൊള്ളിച്ചതുമടക്കം നല്ലൊരു അത്തായവും ഞങ്ങളെല്ലാവരും കൂടി തയ്യാറാക്കി. സുള്ള്യ സ്വദേശിയാണ് തിലക് അണ്ണൻ. ചെറുപ്പക്കാരനായ അദ്ദേഹം ജോലിയിൽ കയറിയിട്ട് ആറ് മാസമാവുന്നതെയുള്ളു. അദ്ധ്യാപകനാവാനുള്ള ശ്രമത്തിലാണദ്ദേഹം.
രാവിലെ എഴുന്നേറ്റതു റേഞ്ച് ഓഫീസറുടെ ശബ്ദത്തോടെയായിരുന്നു. അദ്ദേഹം ഞങ്ങളോട് ദേഷ്യപ്പെടുകയായിരുന്നു. അനുമതിയില്ലാതെ കാട്ടിൽ കയറിയതിന്. പിന്നെ സംഭവങ്ങളൊക്കെ വിശദീകരിച്ചതോടെ അദ്ദേഹത്തിന്റെ ദേഷ്യം തണുത്തു. നേരം വെളുത്തതോടെ കേരള വനം വകുപ്പ് ഓഫീസർമാരും സ്ഥലതെത്തി. പിന്നെ അവരും ദേഷ്യപ്പെട്ടു. ഒടുവിൽ അപ്പോളജി ലെറ്റർ എഴുതി കൊടുത്ത് അവരോടൊപ്പം കാട്ടിനു വെളിയിലേക്ക്… ശുഭം

Sponsored Ads

By Rageesh KannamVelli